29 May, 2026 01:34:18 PM


തെന്നിന്ത്യൻ നടനും സിനിമാ നിരൂപകനുമായ സത്യേന്ദ്ര അന്തരിച്ചു



ബെംഗളൂരു:തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലായി അറുപതിലധികം സിനിമകളിൽ അഭിനയിച്ച മുതിർന്ന നടനും നിരൂപകനുമായ എസ്. സത്യേന്ദ്ര (65) അന്തരിച്ചു. വിജയ് ചിത്രം ലിയോയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സത്യേന്ദ്ര ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു .ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സത്യേന്ദ്രയുടെ ബെംഗളൂരുവിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ പൊലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആന്ധ്രാ പ്രദേശിൽ നിന്നുള്ള സത്യേന്ദ്ര വളർന്നത് കർണാടകയിലാണ്. പ്രശസ്ത കന്നഡ സംവിധായകൻ പി.വി. കാരന്തുമായുള്ള ബന്ധത്തിലൂടെയാണ് സത്യേന്ദ്രയ്ക്ക് നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. പിന്നീട് പി.വി. കാരന്തിൻ്റെ സുഹൃത്ത് സംവിധാനം ചെയ്ത 'നാഗപർണ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.

ഹരിഹരൻ സംവിധാനം ചെയ്ത 'ഈളവത്തു മനിതൻ' എന്ന ചിത്രത്തിലൂടെയാണ് സത്യേന്ദ്ര തമിഴ് ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം 1982ൽ പുറത്തിറങ്ങി. തുടർന്ന് 'മൺവാസനൈ', 'കമതാമ കന്യം കന്നഡ', 'സത്യ' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021ൽ വസന്ത ബാലൻ സംവിധാനം ചെയ്ത 'ജയിൽ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പ്രശസ്ത എഡിറ്റർ പി. ലെനിൻ സംവിധാനം ചെയ്ത 'നോക്കൗട്ട്' എന്ന ഷോർട്ട് ഫിലിമിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഈ ഷോർട്ട് ഫിലിമിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.

തമിഴ്, തെലുങ്ക്, കന്നഡ എന്നിവയുൾപ്പെടെ ഏഴ് ഭാഷകളിലായി 60ലധികം സിനിമകളിലും 150ലധികം ഷോർട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 15 ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. വൈവിധ്യമാർന്ന നടൻ, സംവിധായകൻ, നിർമാതാവ്, വിവർത്തകൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം കന്നഡ സാഹിത്യത്തിലും തത്ത്വചിന്തയിലും രണ്ട് മാസ്റ്റേഴ്സ് ബിരുദങ്ങൾ നേടിയിട്ടുണ്ട്. ജർമൻ, സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ പഠിച്ച അദ്ദേഹം വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് ഒരു ഭാഷാ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296