01 September, 2026 07:28:43 PM
കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറി: ഡോക്ടർക്ക് നിർബന്ധിത അവധി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവം വിവാദമായതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. കാഷ്വാലിറ്റി വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെയാണ് നടപടി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഡോക്ടർക്ക് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പുറമെ ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി നേരിട്ട് അന്വേഷണവും നടത്തി.
രാത്രി സമയത്ത് പനിയും ശരീരവേദനയുമായി ചികിത്സയ്ക്കെത്തിയ രോഗിയോടാണ് ഡോക്ടർ തർക്കത്തിലേർപ്പെട്ടത്. പനിയും ശരീരവേദനയും അടിയന്തര സാഹചര്യമല്ലെന്നും ഇത് നിങ്ങള്‍ക്ക് എപ്പോൾ വേണമെങ്കിലും ഓടിക്കയറി വരാൻ തുറന്നുവെച്ചിരിക്കുന്നതല്ലെന്നും ഡോക്ടർ പറയുന്നത് ദൃശ്യങ്ങളിലുണ്ട്.


