18 August, 2026 08:28:34 PM


കന്നുകാലികളെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; പിക്കപ്പ് വാൻ ട്രക്കുമായി കൂട്ടിയി‌ടിച്ച് 8 മരണം



ഭോപ്പാൽ: റോഡിൽ അലഞ്ഞുനടന്ന കന്നുകാലികളെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാൻ ട്രക്കുമായി കൂട്ടിയിടിച്ച് 8 തൊഴിലാളികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. ഗ്വാളിയോറിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട ജോലി കഴിഞ്ഞ് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

ഭിന്ദ്-ഗ്വാളിയർ ദേശീയപാതയിൽ ചിമ്ക ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. റോഡിലുണ്ടായിരുന്ന കന്നുകാലികളെ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു. അഞ്ച് പേർ അപകടസ്ഥലത്തും മൂന്നുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെട്ടത്.

വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഗോഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942