06 November, 2026 02:02:59 PM


അസമില്‍ ഓയിൽ ഇന്ത്യ ടാങ്ക് ഫാമില്‍ സ്ഫോടനം; ഒരാൾ മരിച്ചു



ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ടെങ്കാഖട്ടിലുള്ള ഇന്റർമീഡിയറ്റ് ടാങ്ക് ഫാമിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ആറ് പേർക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച രാവിലെ 9.05ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഓയിൽ ഇന്ത്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

അറ്റകുറ്റപ്പണി ജോലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഓയിൽ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പരിക്കേറ്റ ഒരാൾ പിന്നീട് മരിച്ചതായും കമ്പനി സ്ഥിരീകരിച്ചു. ടാങ്ക് ഫാമിലെ ക്രൂഡ് ഓയിൽ സംഭരണ വിഭാഗത്തിലാണ് സ്ഫോടനവും തുടർന്നുള്ള തീപിടിത്തവുമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കേന്ദ്രത്തിലെ ഒരു വാൽവ് പ്രവർത്തിപ്പിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തിൽ പരിക്കേറ്റവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദിബ്രുഗഡിലെ മിലൻ നഗർ സ്വദേശിയായ തപസ് ഗൊഗോയ് (40), ടെങ്കാഖട്ട് സ്വദേശികളായ ഷൈലൻ ഗൊഗോയ് (45), കുമുദ് ഗൊഗോയ് (38), ഗോലാപ് ദത്ത (58), ഇന്ദ്ര ഗൊഗോയ് (40) എന്നിവരാണിവർ.

മുംബൈ ആസ്ഥാനമായുള്ള സ്പെക്ട്രോൺ എൻജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരാണ് പരിക്കേറ്റ തൊഴിലാളികളെന്നാണ് റിപ്പോർട്ട്. ഓയിൽ ഇന്ത്യയുടെ കരാർ പ്രകാരമാണ് ഇവർ ഇവിടെ ജോലി ചെയ്തിരുന്നത്. അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഓയിൽ ഇന്ത്യയുടെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാണെന്ന് കമ്പനി അറിയിച്ചു.  .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297