16 October, 2026 06:50:56 PM


ജമ്മു കശ്മീരില്‍ കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍



കിഷ്ത്വാര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ കാണാതായിരുന്ന സ്പെഷ്യൽ പൊലീസ് ഓഫീസറെ (എസ്.പി.ഒ) മരിച്ച നിലയിൽ കണ്ടെത്തി. വാനിപോറ ത്രിഗാം സ്വദേശിയായ 55-കാരൻ ബഷീർ അഹമ്മദിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

2025 മുതൽ പെഡിൽ പൊലീസ് പോസ്റ്റിൽ ജോലി ചെയ്തുവരികയായിരുന്നു ബഷീർ അഹമ്മദ്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ സർവീസ് റൈഫിളുമായി പോസ്റ്റിൽനിന്ന് വീട്ടിലേക്ക് പോയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല. വീട്ടിലെത്താൻ വൈകിയതോടെ ആശങ്കയിലായ ഭാര്യ പൊലീസ് പോസ്റ്റിലെത്തി അന്വേഷിച്ചപ്പോഴാണ് അഹമ്മദ് അവിടെനിന്ന് നേരത്തേ പുറപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് ഭാര്യ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പൊലീസും സുരക്ഷാസേനയും പ്രദേശത്ത് തിരച്ചിൽ നടത്തി. മൊബൈൽ ഫോൺ ലൊക്കേഷൻ ഉപയോഗിച്ചും ഇദ്ദേഹത്തെ കണ്ടെത്താൻ ശ്രമിച്ചു.

വീടിന് പിന്നിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സർവീസ് റൈഫിളും ഒരു മാഗസിനും പിന്നീട് വീണ്ടെടുത്തു. ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരണകാരണം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. ക്രിമിനൽ ഇടപെടലിനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919