21 October, 2026 09:12:50 AM


തമിഴ്നാട്ടിൽ നഴ്സിനെ കൊലപ്പെടുത്തി സ്വർണം കവർന്നു; സഹപ്രവർത്തകൻ അറസ്റ്റിൽ



ഈറോഡ്: തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ 26 കാരിയെ കൊലപ്പെടുത്തി നാല് പവന്റെ സ്വർണ്ണത്താലി മാല മോഷ്ടിച്ച കേസിൽ സഹപ്രവർത്തകനായ പുരുഷ നഴ്‌സ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശിനിയായ ഉതിരയെ കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകൻ ശരവണനെയാണ് (23) പെരുന്തുറൈ പോലീസ് അറസ്റ്റ് ചെയ്തത്.

തിരുപ്പൂർ ജില്ലയിലെ പല്ലഗൗണ്ടംപാളയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉതിരയും ശരവണനും ജോലി ചെയ്തിരുന്നത്. ഒക്ടോബർ 15-നാണ് ഉതിരയെ കാണാതാകുന്നത്. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെ ഒക്ടോബർ 17-ന് പെരുന്തുറൈ വിജയമംഗലം ടോൾ ഗേറ്റിന് സമീപം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സ്വർണ്ണാഭരണങ്ങൾ കവരാനുള്ള ലക്ഷ്യത്തോടെ ശരവണൻ ഉതിരയെ സ്വന്തം ഇരുചക്രവാഹനത്തിൽ വിജനമായ സ്ഥലത്ത് എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഒക്ടോബർ 19-ന് അറസ്റ്റിലായ പ്രതിയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K