23 October, 2026 01:16:19 PM
കീറിയ പത്ത് രൂപ നോട്ട് മാറ്റിച്ചോദിച്ചതിന് മർദനം; ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി

ഡൽഹി: ഉപഭോക്താവ് നൽകിയ കീറിയ പത്ത് രൂപ നോട്ട് മാറ്റി നൽകാൻ ആവശ്യപ്പെട്ട ഫ്ലിപ്കാർട്ട് ഡെലിവറി പാർട്ണർ ക്രൂരമർദ്ദനത്തിനിരയായി, പിന്നാലെ ജീവനൊടുക്കി. കിഴക്കൻ ഡൽഹിയിലെ ഈസ്റ്റ് വിനോദ് നഗറിൽ താമസിക്കുന്ന സമീർ ഹുസൈൻ (24) ആണ് വിഷം കഴിച്ച് മരിച്ചത്. ഒക്ടോബർ 20ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഒക്ടോബർ നാലിന് രാത്രി 10.30ഓടെ കിഴക്കൻ ഡൽഹിയിലെ വിനോദ് നഗറിൽ രാംപാൽ സിങ്ങിന് കോഫി ഓർഡർ എത്തിച്ചുനൽകാനെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നാണ് റിപ്പോർട്ട്. ഏകദേശം 150 രൂപയുടെ ഓർഡറിന് പണം നൽകാൻ ഉപഭോക്താവ് 15 മിനിറ്റോളം എടുത്തതിൽ തനിക്ക് പരാതിയില്ലായിരുന്നെന്നും എന്നാൽ നൽകിയ കീറിയ 10 രൂപ നോട്ട് മാറ്റിനൽകാൻ ആവശ്യപ്പെട്ടപ്പോൾ ഉപഭോക്താവ് മോശമായി പെരുമാറുകയും മൂന്നു തവണ അടിക്കുകയും ചെയ്തെന്നുമാണ് സമീറിന്റെ ആരോപണം.
വിഷം കഴിക്കുന്നതിന് മുൻപ് താൻ നേരിട്ട ദുരനുഭവം വിവരിച്ച് യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ദൃശ്യം വലിയ പ്രതിഷേധത്തിന് കാരണമായി. സമീറിനെ ആക്രമിച്ചെന്ന പരാതിയിൽ പ്രതികളായ റാംപാൽ സിംഗിനും കൊച്ചുമകൻ രാകേഷിനും എതിരെ പൊലീസ് കേസെടുത്തിരുന്നു. സമീർ ഹുസൈൻ മരിച്ചതോടെ ആത്മഹത്യാ പ്രേരണാക്കുറ്റം കൂടി ഇവർക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.


