25 November, 2026 08:32:10 PM
മഹാരാഷ്ട്രയിൽ 11-ാം നിലയിൽ നിന്ന് വീണ് 6 വയസ്സുകാരന് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ വസായിയിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ 11-ാം നിലയിൽ നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. നവ്കാർ ടവറിലെ താമസക്കാരനായ മിലിത് (6) ആണ് മരിച്ചത്. അയൽവാസിയായ കുട്ടിക്കൊപ്പം ഇടനാഴിയിൽ കളിക്കുന്നതിനിടെയായിരുന്നു അപകടം. കളിക്കുന്നതിനിടെ മിലിത് ഷൂ റാക്കിന് മുകളിൽ കയറിയെന്നും സമീപത്തെ തുറന്നുകിടന്ന ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടികൾ കളിക്കുന്നതിന്റെയും അപകടത്തിന് പിന്നാലെ പരിഭ്രാന്തരായി ബന്ധുക്കളും മറ്റ് താമസക്കാരും ഓടിയെത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


