16 September, 2026 09:57:14 AM


ഉത്തർപ്രദേശിൽ പൊലീസുകാരുടെ ചവിട്ടേറ്റ ഗര്‍ഭിണി മരിച്ചു; 6 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍



ഫിറോസാബാദ്: ഉത്തരപ്രദേശിലെ ഫിറോസാബാദ് ഷികോഹാബാദിൽ ഗർഭിണിയായ യുവതി പോലീസ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണവിധേയമായി ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർമാരായ ധരംപാൽ സിംഗ്, സത്യപാൽ സിംഗ്, ഹെഡ് കോൺസ്റ്റബിൾമാരായ മോഹൻ സിംഗ്, അരവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ ഭവ്തോഷ് കുമാർ, കുൽദീപ് കുമാർ എന്നിവരെയാണ് ഫിറോസാബാദ് എസ്‌പി ആദിത്യ ലാംഗെ സസ്‌പെൻഡ് ചെയ്തത്.

ഞായറാഴ്ച അർദ്ധരാത്രിയോടെ മോഷണക്കേസ് പ്രതിയായ ഗൗരവ് എന്നയാളെ അറസ്റ്റ് ചെയ്യാൻ ലാഭൗ ഗ്രാമത്തിലെ വീട്ടിലെത്തിയ പോലീസ് സംഘമാണ് അതിക്രമം നടത്തിയത്. ഭർത്താവിനെ കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് കരഞ്ഞ ഗൗരവിന്റെ ഭാര്യ അഞ്ജലിയുടെ (28) വയറ്റിൽ എസ്‌ഐ ധരംപാൽ സിംഗ് ശക്തിയായി ചവിട്ടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. നിലത്തുവീണ അഞ്ജലിയുടെ നില വഷളായതിനെ തുടർന്ന് ഉടൻ തന്നെ ഷികോഹാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ അഞ്ജലി ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കുഞ്ഞിനെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ അഞ്ജലിയുടെ ആരോഗ്യം പൂർണ്ണമായി ക്ഷയിക്കുകയും സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയുമായിരുന്നു. യുവതി മരിച്ച വിവരമറിഞ്ഞതോടെ പോലീസ് ഗൗരവിനെ മോചിപ്പിച്ചു.

സംഭവം വൻ രാഷ്ട്രീയ വിവാദമായതോടെ സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി റാംജി ലാൽ സുമന്റെ നേതൃത്വത്തിൽ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഷികോഹാബാദ് പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി. പ്രതികളായ പോലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് മൂന്ന് ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. വലിയ പോലീസ് സന്നാഹത്തിന്റെ മേൽനോട്ടത്തിലാണ് രാത്രിയോടെ യുവതിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925