17 September, 2026 11:55:02 AM
ഇൻഡോറിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കെട്ടിടം പൊളിക്കുന്നതിനിടെ വീട് തകര്‍ന്നുവീണ് നാല് വനിതാ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച വൈകീട്ടോടെ പഴയ കെട്ടിടം പൊളിക്കുന്നതിനിടെയാണ് വീടിന്റെ മതില്‍ തകര്‍ന്നത്. വീടിന്റെ ഒരു മതിലും സമീപത്തെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളും പൊളിക്കല്‍ ജോലിക്കിടെ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഉമാകാന്ത് ചൗധരി അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
ഇന്‍ഡോര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയുള്ള സന്‍വേറിലാണ് അപകടം നടന്നത്. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ജീര്‍ണിച്ച വീട് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ലഖന്റെ ഭാര്യ റീന (30), ഭേരുലാലിന്റെ ഭാര്യ സീമാ ബായി (33), രാഹുല്‍ സുന്‍വയയുടെ ഭാര്യ ചന്ദാ ബായി (30), രമേഷ് ചന്ദ്രയുടെ ഭാര്യ സുശീലാ ബായി (ഏകദേശം 50) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാല് പേരെ എം വൈ ആശുപത്രിയിലേക്ക് മാറ്റി. മനോജിന്റെ ഭാര്യ സന്തോഷ് ബായി (30)യെ സന്‍വേറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. എം വൈ ആശുപത്രിയിലേക്ക് മാറ്റിയവരില്‍ സുനില്‍ സോളങ്കിയുടെ ഭാര്യ മഞ്ജു ബായി (30), മായാറാം സുന്‍വാനിയയുടെ ഭാര്യ സുന്ദര്‍ ബായി (45), പ്രതാപിന്റെ മകന്‍ സുനില്‍ (25), അമര്‍ സിങ്ങിന്റെ മകന്‍ ദിലീപ് (26) എന്നിവര്‍ ഉള്‍പ്പെടുന്നു. അപകടത്തെ തുടര്‍ന്ന് പൊലീസ്, ഭരണകൂട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റാരെങ്കിലും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.


