21 November, 2026 02:09:03 PM
മണിപ്പൂരിൽ വ്യാജമദ്യ ദുരന്തത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം; 180ലേറെ പേർ ആശുപത്രിയിൽ

മണിപ്പൂര്‍: മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജമദ്യ ദുരന്തത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ 48 മണിക്കൂറിനിടെ 180-ലധികം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും പ്രതിരോധ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. നവംബര്‍ 18 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചന്ദേല്‍ പൊലീസ് സൂപ്രണ്ട് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ തുടക്കത്തില്‍ എട്ട് മരണങ്ങളായിരുന്നു സ്ഥിരീകരിച്ചത്.
മരിച്ചവര്‍ കഴിച്ചതായി സംശയിക്കുന്ന മദ്യം കാക്ചിങ് ജില്ലയിലെ സുഗ്‌നുവില്‍ നിന്നാണ് വാങ്ങിയതെന്ന് ചന്ദേല്‍ ജില്ലാ പൊലീസ് പിന്നീട് വ്യക്തമാക്കി. ചന്ദേല്‍ ജില്ലയില്‍ നിര്‍മിച്ചതോ വാറ്റിയെടുത്തതോ അല്ല ഈ മദ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മരണം സംഭവിച്ചതിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രാദേശികമായി നിര്‍മിക്കുന്ന മദ്യം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉപയോഗിക്കരുതെന്ന് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.


