14 September, 2026 01:31:59 PM
ഭാര്യയുടെ തല വെട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയുടെ തലയറുത്തുമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ അസം സ്വദേശി പൊലീസ് വാഹത്തില്‍ നിന്ന് ചാടി മരിച്ചു. ഗുവാഹത്തിയില്‍ നിന്നുള്ള രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഗോസ്വാമിയുമായി പൊലീസ് വാഹനം ഹത്തിഗാവ് പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഗുവഹാത്തി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി മടങ്ങവെ, നരകാസുര്‍ പഹാര്‍ പ്രദേശത്തിന് സമീപം വെച്ച് ഗോസ്വാമി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടുകയുമായിരുന്നു. റോഡരികിലെ താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
ഈ മാസം മൂന്നിനാണ് ഗുവാഹത്തിയിലെ ഫ്‌ളാറ്റില്‍ വെച്ച് 25 കാരിയായ ഭാര്യ റിയ താലൂക്ദാറിനെ കൊലപ്പെടുത്തിയ ശേഷം ഗോസ്വാമി തലയറുത്തുമാറ്റിയത്. ഭാര്യയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ കറുത്ത പോളിത്തീന്‍ ബാഗിലാക്കി സൂക്ഷിച്ച നിലയില്‍ യുവതിയുടെ തലയും വിരലുകളും കണ്ടെത്തുകയായിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം (സെക്ഷന്‍ 103(1)), തെളിവ് നശിപ്പിക്കല്‍ (സെക്ഷന്‍ 238) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 6ന് പൊലീസില്‍ കീഴടങ്ങിയ ഇയാള്‍ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിലായിരുന്നു. കൃത്യം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നുവെന്ന് ഗോസ്വാമി പൊലീസിനോട് സമ്മതിച്ചിരുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയും പൊലീസ് അന്വേഷണവും തുടരുന്നതിനിടെയാണ് ഇയാള്‍ മരിച്ചത്.


