17 October, 2026 02:08:53 PM
ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് മറിഞ്ഞ് എട്ട് മരണം; 17 പേർക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് ഖാട്ടു ശ്യാം ക്ഷേത്രത്തിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോട്ടയിലെ എംബിഎസ് ആശുപത്രിയിലും ന്യൂ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ കളക്ടർ പിയൂഷ് സമാരിയയും ഐജി ഹരേന്ദ്ര മഹാവാറും എംബിഎസ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ച എട്ട് പേരെയും തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


