19 September, 2026 01:14:51 PM
തെലങ്കാനയിൽ സ്കൂൾ പടിക്കെട്ടിൽ നിന്ന് വീണ് ഒൻപതുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ സ്കൂൾ പടിക്കെട്ടിൽ നിന്ന് വീണ് നാലാം ക്ലാസ് വിദ്യാർഥിനിയായ ഒമ്പതുകാരിക്ക് ദാരുണാന്ത്യം. വാണിക എന്ന പെൺകുട്ടിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച സ്കൂൾ സമയത്താണ് അപകടമുണ്ടായത്. പടിക്കെട്ടിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് വീണ വാണികയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
അബോധാവസ്ഥയിലായ കുട്ടിയെ സ്കൂൾ ജീവനക്കാർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പടിക്കെട്ടിലൂടെ ഇറങ്ങുന്നതിനിടെ കുട്ടി പെട്ടെന്ന് വീഴുന്നതും സമീപത്തുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ സഹായിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരാൾ അധ്യാപകനെ വിളിക്കുന്നതായും തുടർന്ന് അധ്യാപകൻ കുട്ടിയെ പരിശോധിക്കുന്നതായും പൊലീസ് പറഞ്ഞു.
അപകടത്തിന് പിന്നാലെ സ്കൂൾ അധികൃതർ കൃത്യമായി വിവരമറിയിച്ചില്ലെന്നും ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു. എന്നാൽ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. പിതാവ് എത്തുന്നതിനായി കാത്തിരിക്കുകയായിരുന്നെന്നും കുട്ടിക്ക് പെട്ടെന്ന് ഛർദി തുടങ്ങിയതോടെ ഉടൻ വാഹനം ഏർപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ ഇതുവരെ പൊലീസ് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സർക്കിൾ ഇൻസ്പെക്ടർ കെ. സീതാറാം അറിയിച്ചു. വീഴ്ചയുടെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കുട്ടിക്ക് നേരത്തെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അപകടത്തിന് മുമ്പും ശേഷവും നടന്ന സംഭവങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. സ്കൂൾ അധികൃതരുടെയും കുടുംബത്തിന്റെയും മൊഴികളും സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.


