27 November, 2026 01:11:30 PM


ഉദയനിധി സ്റ്റാലിന്‍റെ ജന്മദിന ബാനർ കെട്ടുന്നതിനിടെ ഷോക്കേറ്റു; രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരുക്ക്



തിരുവള്ളൂർ: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവള്ളൂർ ജില്ലയിലെ വെങ്ങലിന് സമീപമാണ് ദാരുണമായ സംഭവം നടന്നതെന്ന് പോലീസ് വെള്ളിയാഴ്ച അറിയിച്ചു. വി വീരേന്ദർ (22), എം വേലൻ (30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആൽബർട്ടിനെ (22) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെങ്ങലിന് സമീപമുള്ള വാണിയഛത്രത്തുവെച്ച് റോഡരികിൽ ബാനർ ഉയർത്തുന്നതിനിടെ, ബാനറിന്റെ മുകൾഭാഗം മുകളിലൂടെ കടന്നുപോയിരുന്ന വൈദ്യുത കമ്പിയിൽ തട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒരു സ്വകാര്യ ഹാളിൽ സംഘടിപ്പിച്ച ക്ഷേമസഹായ വിതരണ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് മൂവരും ബാനർ സ്ഥാപിക്കാൻ ശ്രമിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വെങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295