06 August, 2026 06:16:07 PM


പീഡനക്കേസിൽ തെഹല്‍ക്ക മുൻ എഡിറ്റർ തരുണ്‍ തേജ്പാൽ കുറ്റക്കാരൻ



മുംബൈ: പീഡനക്കേസിൽ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരനെന്ന് വിധി. കേസില്‍ തരുണിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഗോവ സര്‍ക്കാരിന്റെ അപ്പീലിലാണ് ബോംബെ ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. 2013ലാണ് തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ് ഗോവ പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

2013ല്‍ ഗോവയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് ജൂനിയര്‍ ആയിരുന്ന സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഈ കേസില്‍ 2021 മെയ്യിലാണ് ഗോവയിലെ സെഷന്‍സ് കോടതി തരുണ്‍ തേജ്പാലിനെ കുറ്റ വിമുക്തനാക്കിയത്. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് ഹൈക്കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വലിയ വിവാദമായ കേസായിരുന്നു ഇത്. അതിജീവിതയുടെ പെരുമാറ്റത്തില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു സെഷന്‍സ് കോടതി കണ്ടെത്തിയത്.

2022ല്‍ ഇതിനെതിരെ ഗോവ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേട്ടതിന് ശേഷമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം, ലൈംഗിക പീഡനം, സ്തീത്വത്തെ അപമാനിക്കല്‍ എന്നതടക്കമുള്ള കുറ്റങ്ങളാണ് തരുണ്‍ തേജ്പാലിനെതിരെ ഗോവ പൊലീസ് ചുമത്തിയിരുന്നത്. ഈ വകുപ്പുകള്‍ നിലനില്‍ക്കുമെന്നാണ് ഇപ്പോള്‍ ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരായ ശിക്ഷാ വിധി അടക്കം ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. കേസ് വന്നതിന് തൊട്ടുപിന്നാലെ തരുണ്‍ തേജ്പാലിനെ തെഹല്‍ക്കയുടെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913