14 July, 2026 06:01:31 PM
കോടതി വിധി അനുകൂലമാകാൻ ജഡ്ജിയുടെ കസേരയിൽ കടുക് വിതറി; 65-കാരി അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ സിവിൽ കേസിലെ കോടതി വിധി തനിക്ക് അനുകൂലമാക്കുന്നതിനായി കോടതി മുറിക്കുള്ളിൽ കയറി ജഡ്ജിയുടെ കസേരയിൽ ആഭിചാര ക്രിയ നടത്തിയ 65-കാരി പൊലീസ് പിടിയിൽ. കർണാടക ചിക്ബല്ലാപൂർ സ്വദേശിനിയായ മഞ്ജുള എന്ന വൃദ്ധയെയാണ് കോടതി ജീവനക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഈ അസാധാരണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.തന്റെ പേരിൽ കോടതിയിലുള്ള ഒരു സിവിൽ തർക്കക്കേസിന്റെ വിസ്താരത്തിനായി എത്തിയതായിരുന്നു മഞ്ജുള. കോടതി നടപടികൾ ആരംഭിക്കുന്നതിന് വളരെ മുൻപ് തന്നെ ഇവർ കോടതി മുറിക്കുള്ളിൽ പ്രവേശിച്ചിരുന്നു.
കോടതി ജീവനക്കാരോ മറ്റ് അഭിഭാഷകരോ മുറിയിൽ ഇല്ലാതിരുന്ന സമയം നോക്കിയാണ് വൃദ്ധ ആഭിചാര ക്രിയകൾ നടത്തിയത്. ജഡ്ജി ഇരിക്കുന്ന കസേരയിലും അതിന് ചുറ്റുമുള്ള ഭാഗങ്ങളിലും ഇവർ മന്ത്രവാഹത്തിന്റെ ഭാഗമായി വെളുത്ത കടുക് വിതറുകയായിരുന്നു. കേസിൽ തനിക്ക് അനുകൂലമായ വിധിന്യായം ജഡ്ജിയിൽ നിന്ന് ഉണ്ടാകുന്നതിന് വേണ്ടിയാണ് മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഇത്തരമൊരു അന്ധവിശ്വാസപരമായ പ്രവൃത്തിക്ക് മുതിർന്നതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ വ്യക്തമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.രാവിലെ കോടതി ജീവനക്കാർ എത്തിയപ്പോൾ കസേരയ്ക്ക് ചുറ്റും കടുക് വിതറിയത് കണ്ട് സംശയം തോന്നി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വൃദ്ധയുടെ വിചിത്രമായ ആഭിചാര ക്രിയകൾ കണ്ടെത്തിയത്.




