04 July, 2026 07:16:32 PM
ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകള്‍ ഡല്‍ഹി കോടതി തള്ളി. യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുവരും സമര്‍പ്പിച്ച പുതിയ ജാമ്യഹര്‍ജികളാണ് കാര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്‌പേയ് നിരസിച്ചത്.
വിചാരണയില്ലാതെ തങ്ങളെ ദീര്‍ഘകാലം തടവിലിടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്. എന്നാല്‍, സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ സുപ്രധാന സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകുകയോ അല്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് വന്ന് ഒരുവര്‍ഷം തികയുകയോ ചെയ്ത ശേഷമേ ഇവര്‍ക്ക് വീണ്ടും ജാമ്യത്തിനായി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ എന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശം കര്‍ശനമായി പിന്തുടരേണ്ടതുണ്ടെന്നും അതിനാല്‍ നിലവിലെ ഹര്‍ജികള്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.




