23 June, 2026 12:30:04 PM


മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടര്‍ ഐഡി കാര്‍ഡുകള്‍; നടന്‍ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്‍റ്



ബംഗളൂരു : മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന കേസിൽ പ്രമുഖ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കേസിൽ കോടതി മൂന്ന് തവണ സമൻസ് അയച്ചിട്ടും താരം കൈപ്പറ്റാൻ തയാറാകാത്തതിനെ തുടർന്നാണ് കോടതിയുടെ കർശന നടപടി.

കർണാടക, തെലങ്കാന, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് വോട്ടർ ഐഡികളുണ്ടെന്ന് കാണിച്ച് ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് കുമാറാണ് കോടതിയെ സമീപിച്ചത്. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്‌നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലെ വോട്ടർ പട്ടികയിൽ നടൻ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതി. ഇതിൽ തമിഴ്‌നാട്ടിലെ വേളാച്ചേരിയിൽ മാത്രം പ്രകാശ് രാജിന് രണ്ട് വോട്ടുകളുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.  

അതേസമയം, കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും പ്രകാശ് രാജിനെതിരെ നടപടിയെടുക്കാത്തതിൽ പൊലീസിനെതിരെ വ്യാപക ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ പതിനെട്ടാം തീയതി ധർമസ്ഥല വിവാദവുമായി ബന്ധപ്പെട്ട് പ്രകാശ് രാജ് ബെംഗളൂരുവിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. അന്ന് അദ്ദേഹത്തിന് വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും താരത്തിന് സമൻസ് കൈമാറാൻ പൊലീസ് തയാറാകാതിരുന്നതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942