27 May, 2026 06:36:04 PM
കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

ചേർത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസ് പിടിയിൽ. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ആണ് പിടിയിലായത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലൻസിനെ അറിയിച്ചു.
കൈക്കൂലിയുടെ അഡ്വാൻസായി 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് അനിൽകുമാറിനെ പിടികൂടിയത്. വീട്ടിൽ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്. തുടർന്ന് പണം നൽകാൻ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വിജിലൻസ് സംഘം പിന്തുടരുകയായിരുന്നു. വിജിലൻസിനെ കണ്ടതോടെ അനിൽകുമാർ വീട്ടിൽകയറി കതകടച്ചു. പിന്നീട് വീടിന്റെ മേൽക്കൂര പൊളിച്ചിറങ്ങിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വിജിലൻസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
രണ്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയിറങ്ങിയ അനിൽ മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജിലൻസ് ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലൻസിൽ 'പ്രോജക്ട് സീറോ' പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കൈക്കൂലി വാങ്ങുന്നു ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് അറസ്റ്റ്. ഡിവൈഎസ്പി അനിൽകുമാറിനെതിരെ നേരത്തെ മുതൽ കൈക്കൂലി ആരോപണം നിലനിന്നിരുന്നു.




