28 May, 2026 11:48:28 AM
പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ അപകടം; നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: മൈസൂരുവിലെ നഴ്‌സിങ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു. തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രൻ-സിനി ദമ്പതികളുടെ മകൾ ആര്യയാണ് (18) മരിച്ചത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ മൈസൂരുവിലായിരുന്നു അപകടം സംഭവിച്ചത്.
കോളേജിലെ താമസ-ഭക്ഷണ സൗകര്യങ്ങൾ തൃപ്തികരമല്ലാത്തതിനെ തുടർന്ന് പഠനം നിർത്തി ആര്യ പിതാവിനൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന മറ്റൊരു കാർ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ആര്യയുടെ പിതാവ് സുരേന്ദ്രനും പരിക്കേറ്റിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് നടക്കും. ആകാശ് സഹോദരനാണ്.




