21 May, 2026 07:30:42 PM


എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്



ബെംഗളൂരു: എയര്‍ ഇന്ത്യ വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ ഇടിക്കുകയായിരുന്നു. വിമാനത്തിന്റെ വാല്‍ഭാഗമാണ് റണ്‍വേയില്‍ തട്ടിയത്. AI2651 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

യാത്രക്കാര്‍ സുരക്ഷിതരെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. നേരിട്ട അസൗകര്യത്തില്‍ ക്ഷമചോദിക്കുന്നുവെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. അന്വേഷണം നടത്തുമെന്നും ബുദ്ധിമുട്ട് നേരിട്ടവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ക്രമീകരിച്ചെന്നും എയര്‍ലൈന്‍ പറഞ്ഞു.

നിലവില്‍ വിമാനം പരിശോധനയ്ക്കായി പാര്‍ക്ക് ചെയ്തിരിക്കുകയാണ്. വിമാനത്തിന്റെ ഡല്‍ഹിയിലേക്കുള്ള ഇന്നത്തെ വിമാന സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഒരു ബോയിങ് 747 വിമാനം പുറപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ കനത്ത വായുചുഴിയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയ പൈലറ്റ് വിമാനം വീണ്ടും മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചതായാണ് എയര്‍ലൈനുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914