06 April, 2026 10:04:07 PM


നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ



ചെന്നൈ: സൺ ടിവിയിലെ ജനപ്രിയ പരമ്പരയായ 'കയലി'ലെ അഭിനയത്തിലൂടെ തമിഴ് പ്രേക്ഷകർക്ക് സുപരിചിതയായ നടി സുഭാഷിണി ബാലസുബ്രഹ്മണ്യം (36) അന്തരിച്ചു. ചെന്നൈയിലെ വസതിയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്രീലങ്കൻ സ്വദേശിനിയായ സുഭാഷിണി തമിഴ് സിനിമാ-സീരിയൽ മേഖലയിൽ ഇടംപിടിക്കണമെന്ന ആഗ്രഹവുമായാണ് ചെന്നൈയിൽ എത്തിയത്. കഠിനാധ്വാനത്തിലൂടെയും നിരന്തരമായ ഓഡിഷനുകളിലൂടെയുമാണ് താരം 'കയൽ' എന്ന സീരിയലിലെ സുപ്രധാന വേഷത്തിലേക്ക് എത്തിയത്. വൈകാരികമായ അഭിനയ മുഹൂർത്തങ്ങളിലൂടെ തമിഴ് കുടുംബങ്ങളിൽ അവർ പ്രിയങ്കരിയായി മാറി. സിനിമകളിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ ദാരുണ അന്ത്യം.

പ്രാഥമിക പോലീസ് നിഗമനമനുസരിച്ച് നടി ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. മരണത്തിന് തൊട്ടുമുമ്പ് ഭർത്താവുമായി വീഡിയോ കോളിലൂടെ നടത്തിയ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ മാനസിക വിഷമമാവാം ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് സൂചനകളുണ്ട്. കൃത്യമായ മരണകാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.

സോഷ്യൽ മീഡിയയിൽ ആരാധകരും സഹപ്രവർത്തകരും താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. കലാകാരന്മാർ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ മരണം വീണ്ടും വഴിതുറന്നിരിക്കുകയാണ്. ശ്രീലങ്കയിൽ നിന്ന് ചെന്നൈയിലെത്തി തന്റേതായ ഒരിടം കണ്ടെത്തിയ സുഭാഷിണിയുടെ പോരാട്ടവീര്യം എന്നും സ്മരിക്കപ്പെടും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K