27 March, 2026 09:51:58 AM


ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യര്‍ത്ഥന; പ്രൊഫസറെ ചെരുപ്പൂരി തല്ലി സഹപാഠികള്‍



ബെംഗളൂരു: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അസിസ്റ്റന്റ് പ്രൊഫസറെ കയ്യേറ്റം ചെയ്ത് വിദ്യാര്‍ത്ഥികള്‍. കര്‍ണാടകയിലെ തുമകൂരുവിലെ നെലമംഗല താലൂക്കിലെ ശ്രീ സിദ്ധാര്‍ഥ മെഡിക്കല്‍ കോളേജിലാണ് സംഭവം. അധ്യാപകന്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ലാസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച അസിസ്റ്റന്റ് പ്രൊഫസര്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും ചോക്ലേറ്റുകള്‍ വിതരണം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

'ഈ ബാച്ച് എനിക്ക് നല്‍കിയ സ്‌നേഹം വലുതാണ്. നിങ്ങളുടെ ബാച്ചിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പെണ്‍കുട്ടിയോട് എനിക്ക് പ്രണയാഭ്യര്‍ഥന നടത്തണം. എല്ലാവര്‍ക്കും ഞാന്‍ മിഠായി വിതരണം ചെയ്യും', എന്ന് ഇയാള്‍ പറയുന്നതും വീഡിയോയിലുണ്ട്.

തുടര്‍ന്ന് പ്രൊഫസറെ തടഞ്ഞ വിദ്യാര്‍ത്ഥിനി തനിക്ക് പ്രിന്‍സിപ്പലിനോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍, പെണ്‍കുട്ടി തന്നോട് നേരത്തെ പ്രണയം പറഞ്ഞുവെന്നും അതിന് തന്റെ പക്കല്‍ സിസിടിവി തെളിവുണ്ടെന്നുമായിരുന്നു പ്രൊഫസറിന്റെ അവകാശവാദം. പെണ്‍കുട്ടി ഇത് നിഷേധിച്ചതോടെ, അടുത്ത ദിവസം സംസാരിക്കാം എന്ന് പറഞ്ഞ് മിഠായി കഴിക്കാന്‍ ആവശ്യപ്പെട്ട് അയാള്‍ ക്ലാസിന് പുറത്തേക്ക് പോയി. വിവരമറിഞ്ഞെത്തിയ മറ്റുചില വിദ്യാര്‍ത്ഥികള്‍ പ്രൊഫസറെ തടയുകയും ചെരുപ്പൂരി തല്ലുകയുമായിരുന്നു. ഒടുവിലിത് കയ്യാങ്കളിയില്‍ കലാശിച്ചു.

വിദ്യാര്‍ത്ഥിനി പ്രൊഫസറെ ചെരുപ്പുകൊണ്ട് അടിക്കുന്നതും മറ്റു വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ മര്‍ദിക്കുന്നതും മറ്റൊരു വീഡിയോയിലുണ്ട്. ഈ സംഭവത്തിന് മുമ്പും ഇയാള്‍ക്കെതിരെ ലൈംഗികാരോപണ പരാതികള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിട്ടുണ്ട്. തുടര്‍ന്ന് കോളേജിലേക്ക് പ്രവേശിക്കാന്‍ ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് മാര്‍ച്ച് 23-ന് കോളേജിലെത്തിയതെന്നും ആരോപിക്കപ്പെടുന്നു. കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K