18 March, 2026 12:02:25 PM


ബെംഗളൂരുവിൽ അച്ഛനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമം: റീലിന് വേണ്ടിയെന്ന് മകൾ



ബെംഗളൂരു : ബെംഗളൂരുവില്‍ റീല്‍ വീഡിയോ ഷൂട്ട് ചെയ്യാനായി അച്ഛനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ യുവതിയുടെ ശ്രമം. ചൊവ്വാഴ്ച വൈലിക്കാവൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലായിരുന്നു സംഭവം.  പിതാവിനെ കൊറിയര്‍ അയയ്ക്കാന്‍ യുവതിക്കൊപ്പം ഭര്‍ത്താവും ഭര്‍ത്യമാതാവും ഭര്‍ത്താവിന്‍റെ സഹോദരനും കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയിരുന്നു. വലിയ പാക്കേജ് ശ്രദ്ധയിൽപ്പെട്ട കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാർ എന്താണ് കൊറിയര്‍ ചെയ്യുന്നത് എന്ന് ചോദിച്ചതോടെ യുവതിയുടെ ശ്രമം പാളുകയായിരുന്നു.

ചാക്കിലെന്താണ് എന്ന് ജീവനക്കാർ ചോദിച്ചപ്പോൾ യുവതി മറുപടി നൽകിയില്ല. ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീൽ വീഡിയോയ്ക്ക് വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു. റംസാൻ, ഉഗാദി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാൻ മാർഗമില്ലെന്നും കൊറിയര്‍ അയക്കുക മാത്രമാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാൻ വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.

എന്നാൽ പിടിക്കപ്പെട്ടിട്ടും കുടുംബം കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ചുള്ള മാപ്പ് അപേക്ഷ റീൽ പൊലീസ് പോസ്റ്റ് ചെയ്യിപ്പിക്കുകയുമായിരുന്നു. കർശന മുന്നറിയിപ്പ് നൽകി പിന്നീട് പൊലീസ് ഇവരെ വിട്ടയച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K