05 February, 2026 10:56:04 AM


ലിഫ്റ്റിൽ ഹൈഡ്രജൻ ബലൂണുമായി കേറി; പിന്നാലെ പൊട്ടിത്തെറി, രണ്ട് പേർക്ക് പരിക്ക്



മുംബൈ: മുംബൈയിലെ റെസിഡൻഷ്യൽ ബിൽഡിങ്ങിലെ ലിഫ്റ്റിൽ ഹൈഡ്രജൻ ബലൂണുകൾ തീപിടിച്ച് പൊട്ടിത്തെറിച്ചു. മുംബൈയിലെ ഗോരേഗാവിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലിഫ്റ്റിന്റെ വാതിൽ തുറന്നുതന്നെ ഇരുന്നതിനാൽ ഉള്ളിലുള്ളവർക്ക് പെട്ടെന്ന് തന്നെ പുറത്തു കടക്കാൻ കഴിഞ്ഞു. രണ്ടു പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഒരാൾ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ലിഫ്റ്റിൻ്റെ വാതിൽ തുറന്ന് കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഗോരേഗാവ് വെസ്റ്റിൽ പെട്രോൾ പമ്പിന് എതിർ വശത്തുള്ള അൻമോൾ ടവറിലാണ് സംഭവം.

ഇത്തരം ബലൂണുകൾ സാധാരണയായി അലങ്കാര പണികൾക്കായാണ് ഉപയോഗിക്കുന്നത്. റോഡ്‌സൈഡുകളിൽ ഇവയുടെ വിൽപനയും സാധാരണ കാഴ്ചയാണ്. ഇവയിൽ നിറച്ചിരിക്കുന്നത് പെട്ടെന്ന് തീപിടിക്കുന്ന ഹൈഡ്രജൻ വാതകമാണ്. ചെറിയ സ്പാർക്കോ, സ്റ്റാറ്റിക്ക് ഡിസ്ചാർജോ(പെട്ടെന്ന് ഷോക്ക് അടിക്കുന്ന പോലയോ, സ്പാർക്കോ ഉണ്ടാകുന്നത്) സംഭവിക്കുമ്പോഴാണ് തീപിടിത്തം ഉണ്ടാകുന്നത്. ഹൈഡ്രജൻ വാതകത്തിന് ഇത്തരത്തിലുണ്ടാകുന്ന ചെറിയ സ്പാർക്ക് മതി തീപിടിത്തം ഉണ്ടാകാൻ.

ഗ്യാസ് ബലൂണുകൾ അടഞ്ഞു കിടക്കുന്ന ലിഫ്റ്റുകളിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഗൗരവമായ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഫയർ സേഫ്റ്റി വിദഗ്ധർ ഹൈഡ്രജന്‍ ഗ്യാസ് നിറച്ച പാർട്ടി ബലൂണുകൾ മഹാരാഷ്ട്രയിൽ ഉടനീളമുള്ള ഹൈ റൈസ് ബിൽഡിങ്ങുകളില്‍ ഇത്തരത്തിൽ കൊണ്ടുപോകുന്നതിനും വരുന്നതിനും എതിരെ മുന്നറിയിപ്പുകൾ നിരന്തരം നൽകുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950