28 January, 2026 10:17:07 AM


മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തില്‍ മരിച്ചു



മുംബൈ: ബാരാമതിയിലുണ്ടായ വിമാന അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം. അപകടത്തിൽ അജിത് പവാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അജിത് പവാർ ഉൾപ്പെടെ ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ആറു പേരും മരിച്ചു.  രാവിലെ 8.45നാണ് അപകടം സംഭവിച്ചത്.  

മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയിൽ1959 ജൂലൈ 22നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്‌കൂളിൽ നിന്ന് നേടിയ എസ്എസ്എൽസിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർപഠനത്തിനായി കോളേജിൽ പോയെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയില്ല.

1982 ല്‍ സഹകരണ പഞ്ചസാര ഫാക്ടറിയുടെ ബോര്‍ഡ് അംഗമായാണ് അജിത് പവാറിന്റെ രാഷ്ട്രീയ പ്രവേശം. വിദ്യാ പ്രതിഷ്ഠാന്‍, പൂനെ ജില്ലാ വികാസ് പ്രതിഷ്ഠാന്‍ എന്നിവയുടെ ട്രസ്റ്റിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പിന്നീട് ഛത്രപതി പഞ്ചസാര ഫാക്ടറിയുടെയും ഛത്രപതി ബസാറിന്റെയും ചെയര്‍മാനായി.

1991 ല്‍ പൂനെ ജില്ലാ സഹകരണ ബാങ്കിന്റെ (പിഡിസി) ചെയര്‍മാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1992 നവംബര്‍ മുതല്‍ 1993 ഫെബ്രുവരി വരെ, ശരദ് പവാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മണ്ണ് സംരക്ഷണം, വൈദ്യുതി, ആസൂത്രണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു.

1992 നവംബര്‍ വരെ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. പിന്നീട് 1991 ജൂണില്‍ കൃഷി, വൈദ്യുതി സഹമന്ത്രിയായി. വെറും നാല് മാസത്തിനുള്ളില്‍ അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് രാജിവച്ചു. 1991 ല്‍ പത്താം ലോക്‌സഭയില്‍ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

1995 ല്‍ ബാരാമതി നിയോജകമണ്ഡലത്തില്‍ നിന്നാണ് അജിത് പവാര്‍ ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. 1999 ല്‍ അതേ മണ്ഡലത്തില്‍ നിന്ന് മഹാരാഷ്ട്ര നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2010ലെ അശോക് ചവാൻ മന്ത്രിസഭയിൽ ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്‌നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ മുഖ്യമന്ത്രിയായി.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K