28 November, 2026 02:41:32 PM


പരസ്യങ്ങൾക്കും പരസ്യദാതാക്കൾക്കും സാമൂഹിക പ്രതിബദ്ധത വേണം - ജി. വേണുഗോപാൽ

- സ്വന്തം ലേഖകൻ



തൃശൂർ : പരസ്യങ്ങൾക്കും പരസ്യദാതാക്കൾക്കും തങ്ങളുടെ പ്രവർത്തനമേഖലയിലും പരസ്യനിർമാണത്തിലും സാമൂഹിക പ്രതിബദ്ധത ഉണ്ടായിരിക്കണമെന്ന് കേരള സംഗീത-നാടക അക്കാദമി ചെയർമാനും പിന്നണി ഗായകനുമായ ജി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷന്റെ 23-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പരസ്യങ്ങൾ കേവലം ഉൽപന്നങ്ങളുടെ വിൽപനയ്ക്കുള്ള ഉപാധി മാത്രമല്ലെന്നും സമൂഹത്തിന്റെ അഭിരുചികളെയും സാംസ്കാരിക ബോധത്തെയും സ്വാധീനിക്കുന്ന ശക്തമായ ആശയവിനിമയ മാധ്യമമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ മേഖലയിൽ നീതിയുക്തമായ സമീപനം സ്വീകരിക്കാൻ പരസ്യ ഏജൻസികൾ ശ്രമിക്കണം. തുടർന്ന് നടന്ന സാംസ്കാരിക ആശയവിനിമയ പരിപാടിയിൽ, മലയാളിയുടെ സാംസ്കാരിക ജീവിതത്തിലും സംഗീതബോധത്തിലും മലയാള സിനിമാഗാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ തൃശ്ശൂർ സോൺ പ്രസിഡന്റ് പി.എം.മുകുന്ദൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ജെയിംസ് വളപ്പില മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസ് വളപ്പില, സംസ്ഥാന എക്സിക്യൂട്ടീവ് സമിതി അംഗം ജോസ് വള്ളൂർ, തൃശ്ശൂർ സോൺ സെക്രട്ടറി ജോസൺ തേറാട്ടിൽ എന്നിവർ സംസാരിച്ചു. പരസ്യ ഏജൻസി പ്രതിനിധികളായ ദേവൻ നായർ, പത്മകുമാർ സി., ബിജു ബാലകൃഷ്ണൻ, തോമസ് പാവറട്ടി, പി.എ. കബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K