25 November, 2026 12:32:16 PM


18 വയസ്സിൽ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്ന് ഹൈക്കോടതി



കൊച്ചി: 18 വയസ്സിൽ താഴെയാണെന്ന ബോധ്യത്തോടെ പല കൗമാരക്കാരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ, എന്തുകൊണ്ടാണ് അവരെ പ്രായപൂർത്തിയായവരായി കണക്കാക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. പ്രായപൂർത്തി നിർണയിക്കുന്നതിനായി 18 വയസ്സ് എന്ന പരിധി നിശ്ചയിച്ചതിനെക്കുറിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. 

നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് 19-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് മൂന്നുപേർ മരിച്ച കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യൻ ഉദിക്കുന്നിടമാണ് കിഴക്ക് എന്നതുപോലെ, പ്രായപൂർത്തിയാകുന്നത് ഏത് പ്രായത്തിലാണോ അതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും, 18 വയസ്സിൽ പ്രായപൂർത്തിയാകുമെന്ന മുൻധാരണയല്ല വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

16 വയസ്സിലാണ് പ്രായപൂർത്തിയാകുന്നതെങ്കിൽ അതിനനുസരിച്ചുള്ള പരിധിയായിരിക്കണമല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അപകടമുണ്ടാക്കിയ 19-കാരന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള വ്യവസ്ഥകൾ പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303