27 August, 2026 12:10:26 PM


കുന്നംകുളത്ത് പൊലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍



തൃശ്ശൂർ: കുന്നംകുളത്ത് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തില്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഗുരുവായൂര്‍ സ്വദേശി അദീപ് (28) എന്നയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.

ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഇരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. പോലീസിനെ കണ്ട പ്രതിയും സംഘവും ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രതീഷ്, ദേവനാരായണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ സിപിഒ രതീഷ് കുന്നംകുളം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പ്രതിയായ അദീപ് കാപ്പ പ്രകാരമുള്ള നടപടി നേരിട്ടയാളാണെന്നും കാപ്പ കാലാവധി പൂര്‍ത്തിയായ ശേഷം നാട്ടില്‍ തിരിച്ചെത്തിയതാണെന്നും പൊലീസ് വ്യക്തമാക്കി. വധശ്രമം, ലഹരിവസ്തുക്കളുടെ കച്ചവടം തുടങ്ങി ഒട്ടനവധി ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. സംഭവത്തില്‍ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295