04 September, 2026 12:20:40 PM
ശ്രീനഗർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം പാർക്ക് ചെയ്യുന്നതിനിടെ തൂണിലിടിച്ച് അപകടം

ശ്രീനഗർ: വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് തൂണിലിടിച്ചു. ശ്രീനഗർ വിമാനത്താവളത്തിലാണ് സംഭവം. നവി മുംബൈയിൽനിന്ന് ശ്രീനഗറിൽ ലാൻഡ് ചെയ്ത ഇൻഡിഗോ 6ഇ 225 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. അപകടം വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.
വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ ആണ് സംഭവം. വിമാനത്താവളത്തിലെ ബേ നമ്പർ ആറിൽ പാർക്ക് ചെയ്യുന്നതിനിടെ ആണ് വിമാനത്തിൻ്റെ മുൻഭാഗം വിഡിജിഎസ് പോസ്റ്റിലിടിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല. അപകടത്തിന് ശേഷം യാത്രക്കാരെ എയർക്രാഫ്റ്റ് സ്റ്റെയറിലൂടെ സുരക്ഷിതമായി പുറത്തിറക്കി. അപകടകാരണം സംബന്ധിച്ചു വ്യക്തതയില്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ.


