15 August, 2026 11:54:38 AM


എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ ആലപിച്ചു; ഇടപെട്ട് സോണിയയും ഖര്‍ഗെയും



ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെട്ടെങ്കിലും മൂന്ന് മിനിറ്റുള്ള ഗാനം പൂര്‍ണമായും ചൊല്ലുകയായിരുന്നു. ആദ്യ രണ്ട് സ്റ്റാന്‍സ കഴിഞ്ഞ് പ്രത്യേക മതവിഭാഗത്തിലെ ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന വരികള്‍ എത്തിയപ്പോള്‍ സോണിയാഗാന്ധി ഇടപെടുകയായിരുന്നു, എന്നാല്‍ അവര്‍ ക്ഷോഭിച്ചെങ്കിലും പിന്നാലെ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. ഖര്‍ഗെ ആദ്യം നീരസം പ്രകടിപ്പിച്ചെങ്കിലും വലിയ പ്രശ്‌നങ്ങള്‍ ഒഴിവാകാന്‍ ഇടപെടുകയായിരുന്നു.

നേതാക്കള്‍ ഇടപെട്ടിട്ടും ഗായകര്‍ പാട്ട് നിര്‍ത്താന്‍ തയ്യാറായില്ല എന്നതും വിവാദമാകുന്നുണ്ട്. വലിയ ആശയക്കുഴപ്പമാണ് സംഭവത്തില്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നത് രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്കെതിരാണെന്ന് ദേശീയ തലത്തില്‍ ശക്തമായി നിലപാടെടുക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു വിവാദത്തിലേക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ പെട്ടിരിക്കുന്നത്. കേരളത്തില്‍ വന്ദേമാതരകം പൂര്‍ണമായും പാടും എന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും വന്ദേമാതരം തന്നെ ഒഴിവാക്കുകായായിരുന്നു. എന്നാല്‍ ദേശീയ ആസ്ഥാനത്ത് സംഭവിച്ച നാടകീയ രംഗങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

എന്നാല്‍ സംഭവത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. മുഴുവന്‍ ചൊല്ലിയതില്‍ പ്രശ്‌നമില്ലെന്നും വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നത് ആരും തടഞ്ഞില്ല എന്ന് പറഞ്ഞ ജയറാം രമേശ്, സോണിയാഗാന്ധി ആക്ഷൻ കാണിച്ചത് കസേര കൊണ്ട് വരാൻ പറയുകയായിരുന്നുവെന്നും വിശദീകരിച്ചു. അധ്യക്ഷൻ കുറെ നേരമായി നിൽക്കുന്നതിനാൽ കസേര വേണമെന്നാണ് സോണിയ ഗാന്ധി പറഞ്ഞതെന്നാണ് ജയറാം രമേശ് പ്രതികരിച്ചത്. തുടര്‍ന്നും വന്ദേമാതരം മുഴുവന്‍ ചൊല്ലുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. കേരളത്തില്‍ വന്ദേമാതരം ആലപിച്ചില്ലല്ലോ എന്ന ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നില്ല. വന്ദേമാതരം കോണ്‍ഗ്രസിന്റെ ഗീതമാണെന്ന് പവര്‍ ഖേരയും പ്രതികരിച്ചു. 1937ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായും പാടുന്നത്.

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശവും, കേരളത്തില്‍ ചീഫ് സെക്രട്ടറി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കയച്ച കത്തും വലിയ വിവാദമായിരുന്നു. വന്ദേമാതരത്തിന്റെ മുന്നാം ഖണ്ഡിക മുതല്‍ പ്രത്യേക മതവിഭാഗത്തിന്റെ ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന വരികള്‍ പാടില്ല എന്നായിരുന്നു കോണ്‍ഗ്രസ് പരാമ്പരാഗതമായി സ്വീകരിച്ചു വരുന്ന നിലപാട്. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്രം കൊണ്ടു വരാന്‍ ശ്രമിച്ചപ്പോഴും കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. കേരളത്തില്‍ സംഭവം വിവാദമായതിന് പിന്നാലെ ഇന്ന് ദേശീയഗാനം മാത്രമായിരുന്ന സര്‍ക്കാര്‍ പരിപാടിയില്‍ ആലപിച്ചിരുന്നത്. ബിജെപി ഭരിക്കുന്ന തദ്ധേശ സ്ഥാപനങ്ങളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചിരുന്നു. കോഴിക്കോട് നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ വന്ദേമാതരവും മറ്റുള്ളവര്‍ ദേശീയഗാനവും ഒരേ സമയത്ത് ആലപിച്ചതും ഇന്നത്തെ നടകീയമായ രംഗങ്ങളില്‍ ഒന്നായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946