02 September, 2026 07:41:21 PM


പുല്ല് വെട്ടാന്‍ ജീവനക്കാരെത്തിയതറിയാതെ കൂട് തുറന്നു; കടുവയുടെ ആക്രമണത്തില്‍ 42-കാരിക്ക് ദാരുണാന്ത്യം



ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ നഹര്‍ഗഡ് ബയോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ആക്രമണത്തില്‍ ജീവനക്കാരി കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ജാംവ രാംഗഡിലെ നങ്കല്‍ സുസാവതന്‍ ഗ്രാമത്തിലെ സുഗ്‌ന ദേവി എന്ന 42-കാരിയാണ് കൊല്ലപ്പെട്ടത്.

പുല്ല് വെട്ടാനായാണ് സുഗ്‌ന ദേവി പാര്‍ക്കിലെത്തിയത്. ജോലി ചെയ്യുന്നതിനുടെ ശിവാജി എന്ന കടുവ പാഞ്ഞെത്തി ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. പുല്ല് വെട്ടാനായി ഇവര്‍ നിശ്ചിത സ്ഥലത്ത് പ്രവേശിച്ചതറിയാതെ മറ്റൊരു ജീവനക്കാരി കടുവയുടെ കൂട് തുറക്കുകയായിരുന്നുവെന്നാണ് വിവരം.

തുടര്‍ന്ന് കടുവ അവരെ ആക്രമിക്കുകയായിരുന്നു. രാവിലെ പുല്ല് വെട്ടാന്‍ ഏഴ് സ്ത്രീകള്‍ പാര്‍ക്കില്‍ പോയിരുന്നതായി സുഗ്‌ന ദേവിയുടെ മൂത്ത സഹോദരി കമല ദേവി പറഞ്ഞു. കടുവ പാഞ്ഞെത്തിയതോടെ അഞ്ച് സ്ത്രീകള്‍ പുറത്തേക്കുള്ള വഴിയിലേക്ക് ഓടി. മറ്റൊരാള്‍ രക്ഷപ്പെടാന്‍ ഒരു മരത്തില്‍ കയറി. സുഗ്‌ന ദേവിക്ക് രക്ഷപ്പെടാനാവാതെ വന്നതോടെ കടുവ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഗ്രാമീണര്‍ രോഷാകുലരായ്. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. മരണവാര്‍ത്ത അറിഞ്ഞതോടെ, ജാംവ രാംഗഡ് പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ നഹര്‍ഗഡ് ബയോളജിക്കല്‍ പാര്‍ക്കിലെത്തി.

ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച ഇവര്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സ്ത്രീയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. സുഗ്‌ന ദേവിയുടെ ഭര്‍ത്താവ് ഭിന്നശേഷിക്കാരനാണെന്നും ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇവർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K