20 August, 2026 01:10:10 PM
തെലങ്കാനയിൽ പത്താം ക്ലാസ് വിദ്യാർഥികൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു

ഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ രൂപ റെഡ്ഡിയെ വീട്ടിൽ കയറി കൊലപ്പെടുത്തി പത്താംക്ലാസ് വിദ്യാർത്ഥികൾ. ഓഗസ്റ്റ് 11-നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. പണത്തോടുള്ള ആർത്തിയും മുൻപത്തെ അച്ചടക്ക നടപടികളോടുള്ള പ്രതികാരവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.
സംഭവദിവസം രൂപയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ അവരെ 27 തവണയാണ് കുത്തിയത്. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന പണവും ഫോണും അപഹരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും വിദ്യാർഥികളുടെ കൈയിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട നോട്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കി.
മരണത്തിന് തൊട്ടുമുമ്പ് പ്രിൻസിപ്പൽ തന്റെ അമ്മായിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ആരെയോ 'ബാബു' എന്ന് അഭിസംബോധന ചെയ്തിരുന്നു. വിദ്യാർത്ഥികളെ സൂചിപ്പിക്കാൻ അവർ ഉപയോഗിച്ചിരുന്ന ഈ വാക്കാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് സ്കൂൾ തുറന്നപ്പോൾ ഹാജരാകാതിരുന്ന വിദ്യാർത്ഥികളെ നിരീക്ഷിച്ച പോലീസ്, രണ്ട് കുട്ടികൾ മാത്രം അമിതമായി പണം ധൂർത്തടിക്കുന്നത് ശ്രദ്ധിച്ചു. കുട്ടികളിൽ ഒരാളുടെ പക്കൽ നിന്ന് കണ്ടെടുത്ത 1.54 ലക്ഷം രൂപ പരിശോധിച്ചപ്പോൾ, കറൻസി നോട്ടുകളിൽ കൊല്ലപ്പെട്ട രൂപ റെഡ്ഡിയുടെ രക്തക്കറ കണ്ടെത്തുകയായിരുന്നു.
മുമ്പ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രതികളിൽ ഒരാളുടെ ബാഗിൽ നിന്ന് പണവും ഫോണും കണ്ടെത്തിയതിനെ തുടർന്ന് രൂപ റെഡ്ഡി അവനെ പുറത്താക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യവും, സ്കൂൾ ഫീസായി പിരിക്കുന്ന തുക വീട്ടിലുണ്ടാകുമെന്ന ധാരണയുമാണ് കൊലപാതകത്തിന് കാരണം. ഓഗസ്റ്റ് 11-ന് വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ, മുഖംമൂടി അഴിഞ്ഞുവീണതിനെ തുടർന്ന് പ്രിൻസിപ്പൽ തിരിച്ചറിഞ്ഞതോടെ 27 തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതികളിൽ നിന്ന് പണവും ഐഫോണും പ്രിൻസിപ്പലിന്റെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കിയതായി നൽഗൊണ്ട എസ്.പി. ശരത് ചന്ദ്ര പവാർ അറിയിച്ചു.


