25 August, 2026 01:01:47 PM
ഓണാഘോഷത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിയിൽ വീഴ്ച വരുത്തി: 3 പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർക്ക് സസ്പെൻഷൻ. അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അന്വേഷണ വിധേയമായി അച്ചടക്ക നടപടി സ്വീകരിച്ചത്.
അരുവിക്കര സ്റ്റേഷനിൽ ഞായറാഴ്ച നടന്ന ഓണാഘോഷത്തിനിടയിലായിരുന്നു സംഭവം. പൊലീസുകാർ മദ്യലഹരിയിൽ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ റൂറൽ ജില്ലാ പൊലീസ് മേധാവി സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. മേലുദ്യോഗസ്ഥനെ കണ്ട പരിഭ്രാന്തിയിൽ ഇവർ സല്യൂട്ട് അടിക്കാൻ പോലും തയ്യാറായില്ല.
പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്പി ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്നാമൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. മറ്റു കേസുകളൊന്നും ഇല്ലാത്തതിനാൽ പൊലീസുകാരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയില്ല. മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയെന്ന പേരിലാണ് സസ്പെൻഷൻ.


