22 September, 2026 07:12:05 PM
ലോക്കപ്പ് പൂട്ടാന്‍ മറന്നു; കൊല്ലത്ത് കഞ്ചാവ് കേസ് പ്രതി സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞു

കൊല്ലം: കൊല്ലത്ത് സുരക്ഷാ വീഴ്ച തുടർക്കഥയാകുന്നു. ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നതിനെ തുടർന്ന് കഞ്ചാവ് കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോയി. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിലാണ് സംഭവം. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാമാ (37 )ണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. മോഷണം, കഞ്ചാവ് കടത്തൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സംഭവത്തിന് പിന്നാലെ പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയിൽ ഈ മാസം ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് പ്രതികൾ ചാടിപ്പോകുന്ന രണ്ടാമത്തെ സംഭവമാണിത്. സെപ്റ്റംബർ 3-ന് കുണ്ടറ പൊലീസ് സ്റ്റേഷനിലും സമാനമായ വീഴ്ചയുണ്ടായിരുന്നു. മോഷണക്കേസിൽ കരുതൽ കസ്റ്റഡിയിലെടുത്ത എഴുകോൺ പുത്തൻനട സ്വദേശി വൈജേഷ് (23) ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോവുകയായിരുന്നു.


