14 September, 2026 12:45:28 PM
കാട്ടാക്കടയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ഉപകരണങ്ങൾ അടിച്ചു തകർത്ത ശേഷം വീടിന് തീയിട്ടു

തിരുവനന്തപുരം: കാട്ടാക്കടയിൽ പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വീട്ടുപകരണങ്ങൾ അടിച്ചുതകർത്ത ശേഷം വീടിന് തീയിട്ടു. കാട്ടാക്കട സ്വദേശി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആക്രമണം നടന്നത്. ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് സംഘം വീട്ടിലെത്തിയത്. വീടിനുള്ളിലുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഘം സമീപത്തെ തോട്ടിലേക്ക് ഇവ മാറ്റിയിട്ടതായാണ് വിവരം. തുടർന്ന് ജനലുകളും ബാത്ത്റൂമും ഉൾപ്പെടെ വീടിന്റെ വിവിധ ഭാഗങ്ങൾ സംഘം അടിച്ചുതകർത്തു. ഇതിന് പിന്നാലെയാണ് വീടിന് തീയിട്ടത്. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ ആനന്ദിന്റെ സഹോദരീപുത്രനായ അഖിലിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.


