05 October, 2026 10:50:44 AM
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് അറസ്റ്റിലായത്. അമ്പൂരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. നഴ്സിംഗ് വിദ്യാർത്ഥിനിയായ യുവതിയും മുഹമ്മദ് സഹീറും മെയ് മാസത്തിലാണ് വിവാഹിതരായത്. വിവാഹശേഷം മുട്ടടയിൽ വാടകയ്ക്ക് താമസിച്ചു വരുന്നതിനിടെ മുഹമ്മദ് സഹീർ യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. പണത്തിനായി യുവതിയെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ കെട്ടിയിട്ടും മർദിച്ചിരുന്നതായും ആരോപണമുണ്ട്.
പീഡനം തുടർന്നതോടെ യുവതി വീട്ടിൽനിന്ന് രക്ഷപ്പെട്ട് കോളജ് ഹോസ്റ്റലിൽ അഭയം തേടി. ഇതിന് പിന്നാലെയാണ് യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പ്രതി വാട്സാപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചത്. അധ്യാപകരുടെ സഹായത്തോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് മുഹമ്മദ് സഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


