03 October, 2026 12:04:51 PM
പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എസ്ഐ ഗോകുൽ

തിരുവനന്തപുരം: വീട്ടിലേയ്ക്ക് സമരം വന്നാൽ നിന്നെ എടുക്കുമെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കൻ്റോൺമെൻ്റ് എസ്ഐ ഗോകുൽ ഗോപൻ. ഒരു പേടിയുമില്ല ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യ് എന്നും എസ്ഐ ഭീഷണിപ്പെടുത്തുന്നുണ്ട്.
ഹോം മിനിസ്റ്റർ സംസാരിച്ചത് കൊണ്ട് അറസ്റ്റ് നിർത്തിവെച്ചിരിക്കുകയാണ്. മര്യാദയ്ക്ക് എങ്കിൽ മര്യാദയ്ക്ക് നിങ്ങൾ ഇപ്പോൾ ഒരു മാർച്ച് നടത്തി കഴിഞ്ഞാൽ ഞങ്ങൾ നേരെ പാർട്ടി ഓഫീസിൽ കയറും. നീ എവിടെയാണ് ഇരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായിട്ട് അറിയാം. പേട്ടയിൽ ഞങ്ങൾ ആളെയും നിർത്തിയിട്ടുണ്ട് എന്നായിരുന്നു എസ് ഐ ഗോകുൽ ഗോപൻ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്.
കേരള പൊലീസിൻ്റെ ഭാഗമല്ലെ നിങ്ങൾ ഇങ്ങനെയാണോ സംസാരിക്കുന്നത് എന്ന് ഗോകുൽ ഗോപനോട് എസ്എഫ്ഐ ജില്ലാ സെക്രട്ടറി പറയുന്നുണ്ട്. ഭീഷണി സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ എസ് ഐ ഗോകുൽ ഗോപനെ കമ്മീഷണർ വിളിപ്പിച്ചിട്ടുണ്ട്. ഗോകുൽ ഗോപനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
നേരത്തെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നടന്ന സംഘർഷങ്ങളുടെ ഭാഗമായി പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിനിടെ കൻ്റോൺമെൻ്റ് എസ്ഐ ഗോകുൽ ഗോപൻ വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചത് വിവാദമായിരുന്നു. വിഷയത്തിൽ എസ്എഫ്ഐ പരാതി നൽകിയിരുന്നു. ഗോകുൽ ഗോഗപനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു.


