29 September, 2026 01:22:44 PM


കൈയാങ്കളി വിവാദം തിരിച്ചടിയായി; ചിറയിൻകീഴിൽ എൽഡിഎഫിന് അട്ടിമറി വിജയം



തിരുവനന്തപുരം: ചിറയിന്‍കീഴ് മണ്ഡലത്തില്‍ യുഡിഎഫിന് വന്‍ തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും യുഡിഎഫ് പരാജയപ്പെട്ടു. രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്ന മണ്ഡലത്തിലെ വാര്‍ഡുകളാണ് യുഡിഎഫിന് നഷ്ടമായത്.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനില്‍ ഇടതുമുന്നണി അട്ടിമറി വിജയം നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജിമോള്‍ 359 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി 599 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്. ഇതാണ് കോണ്‍ഗ്രസിന് നഷ്ടമായത്.

ചിറയിന്‍കീഴ് മണ്ഡലത്തിലെ മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും യുഡിഎഫിന് നഷ്ടമായി. വാര്‍ഡില്‍ 139 വോട്ടുകള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രമ്യ വി. തുളസി അട്ടിമറി വിജയം നേടിയത്. കോണ്‍ഗ്രസിന്റെ വാര്‍ഡ് പിടിച്ചെടുത്തതോടെ പഞ്ചായത്തില്‍ ഇനി ഒറ്റയ്ക്കു ഭരിക്കാവുന്ന നിലയിലേക്ക് എല്‍ഡിഎഫ് എത്തിയിരിക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് ഇടതുമുന്നണി പഞ്ചായത്ത് ഭരിക്കുന്നത്. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് നേരിട്ട തിരിച്ചടിയിൽ‌ രമ്യ ഹരിദാസ് എംഎൽഎയെ കുറ്റപ്പെടുത്തി എസ് സജാദ് രംഗത്തെത്തിയിരുന്നു. തോൽവിക്ക് ഉത്തരവാദി രമ്യയാണെന്നും എംഎൽഎയുടെ ഇടപെടൽ തോൽവിക്ക് കാരണമായെന്നും സജാദ് ആരോപിച്ചു. ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിഷയത്തിൽ കെപിസിസി അച്ചടക്ക നടപടി നേരിട്ട പ്രാദേശിക നേതാവാണ് എസ്. സജാദ്. എം.എൽ.എ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പാളയം പ്രദീപിനൊപ്പം സജാദിനെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രമ്യ ഹരിദാസ് എംഎൽ‌എയെ താക്കീത് ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924