17 October, 2026 02:05:20 PM
യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘര്ഷം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്ശ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ കുറിപ്പിട്ട കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ. സംഭവത്തിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശുപാർശ ചെയ്തതെന്നാണ് റിപ്പോർട്ട്.
യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് സതീഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുള് ബി. കൃഷ്ണയുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതെന്നായിരുന്നു സതീഷ് കുമാറിന്റെ വിശദീകരണം.
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്ക് പിന്നാലെ സതീഷ് കുമാറിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എന്നാൽ, വൈകാരിക സാഹചര്യങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥന് ചേർന്ന നടപടിയല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ നിരീക്ഷണം.
സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് ദക്ഷിണമേഖല ഐജി നിശാന്തിനിക്ക് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിഐക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.


