21 August, 2026 09:52:35 AM
പേരാമംഗലത്ത് വൻകവർച്ച; മകളുടെ വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം കവർന്നു

തൃശൂർ: തൃശൂർ പേരാമംഗലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം മോഷണംപോയി. തുണിക്കട ഉടമയായ പറപ്പൂ ര്‍ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മകളുടെ വിവാഹത്തിനായി കരുതിയ സ്വർണമാണ് നഷ്ടപ്പെട്ടത്. വ്യാഴം രാത്രി വീടിന്റെ പിൻവാതിൽ തകർത്തായിരുന്നു മോഷണം. ഓണത്തിരക്ക് കാരണം ഷക്കീറും ഭാര്യയും മകളും കടയിലായിരുന്നു. കട അടച്ചശേഷം രാത്രി രണ്ട് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് പിൻവശത്തെ കതക് തകർത്ത നിലയിൽ കണ്ടത്. പ്രദേശത്ത് രണ്ട് അപരിചിതരെ കണ്ടിരുന്നാതായി നാട്ടുകാർ പറഞ്ഞു.
ഒക്‌ടോബറിലാണ് മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വീട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന സ്വർണവും മകളുടെ കല്യാണ ആവശ്യത്തിനായി വാങ്ങിയ സ്വർണവും മോഷണം പോയവയിൽ പെടും. മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. വീടിന്റെ സമീപത്തായി മദ്യകുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്. പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു


