17 August, 2026 09:28:05 AM
തൃശൂരിൽ നടുറോഡിൽ യുവതിക്കും പ്രതിശ്രുതവരനും കുത്തേറ്റു

തൃശ്ശൂർ: യുവതിക്കും പ്രതിശ്രുതവരനും കുത്തേറ്റു. തൃശൂരിലെ കോടന്നൂരിലാണ് സംഭവം. പള്ളിപ്പുറം സ്വദേശിനിയായ വൈഷ്ണവിക്കും ഒല്ലൂർ സ്വദേശി അരുൺ എന്നിവർക്കാണ് കുത്തേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിനാണ് യുവതിയെയും പ്രതിശ്രുതവരനെയും കുത്തിപ്പരിക്കേൽപ്പിച്ചത്. കോടന്നൂർ സെന്ററിന് സമീപമുള്ള സൂപ്പർ മാർക്കറ്റിന് സമീപം ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം.
ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മുമ്പ് സുഹൃത്തുക്കളായിരുന്ന യുവതിയും അശ്വിനും പിന്നീട് അകൽച്ചയുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
സൂപ്പർ മാർക്കറ്റിന് മുന്നിൽവച്ചാണ് അശ്വിൻ വൈഷ്ണവിയെ കാണുന്നത്. തുടർന്ന് യുവതിയുടെ മുടിയിൽ കുത്തിപ്പിടിക്കുകയും ഭീകരാന്തരീഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച അരുണിനും പരിക്കേറ്റു. ആക്രമണത്തിൽ വൈഷ്ണവിയുടെ വയറിനും അരുണിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷപ്പെട്ട അശ്വിന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.


