15 August, 2026 01:19:00 PM


വന്ദേമാതരം മുഴുവൻ പാടിയതിൽ പ്രശ്നമില്ല, സോണിയ കൈകാണിച്ചത് കസേരയ്ക്കായി- ജയറാം രമേശ്



ന്യൂഡൽഹി: എ.ഐ.സി.സി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. വിഷയത്തിൽ വലിയ രീതിയിൽ വിവാദമുണ്ടാക്കേണ്ടതില്ലെന്നും വന്ദേമാതരം മുഴുവനായി ചൊല്ലിയതിൽ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ മുൻപ് ചർച്ച ചെയ്യപ്പെട്ട വിഷയമാണിതെന്നും കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് സഭയിൽ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരം ആലാപനം ആരും തടഞ്ഞിട്ടില്ലെന്നും ജയറാം രമേശ് അവകാശപ്പെട്ടു. ആലാപനത്തിനിടെ സോണിയ ഗാന്ധി കൈകാണിച്ചത് തടയാനല്ലെന്നും, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറെനേരമായി നിൽക്കുന്നതിനാൽ അദ്ദേഹം നിലത്തിരിക്കാതിരിക്കാൻ കസേര കൊണ്ടുവരാൻ ആവശ്യപ്പെട്ടതാണെന്നും ജയറാം രമേശ് വിശദീകരിച്ചു. എന്നാൽ ആലാപന വേളയിൽ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾ മാത്രമാണ് ഔദ്യോഗികമായി ആലപിക്കേണ്ടതെന്നതാണ് കോൺഗ്രസിന്റെ പരമ്പരാഗത നിലപാട്. കേന്ദ്ര സർക്കാർ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് ഉത്തരവിറക്കിയപ്പോൾ അതിനെ ശക്തമായി എതിർത്ത് രംഗത്തുവന്നതും കോൺഗ്രസായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്ത എ.ഐ.സി.സി ആസ്ഥാനത്തെ പ്രധാന ചടങ്ങിൽ തന്നെ വന്ദേമാതരം പൂർണ്ണമായും ആലപിച്ചതോടെ കോൺഗ്രസ് നേതൃത്വം വലിയ രീതിയിൽ പ്രതിരോധത്തിലായിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921