04 August, 2026 07:17:47 PM


ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു



ചെന്നൈ: കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയിലെ ദ്വയാർഥ പരാമർശത്തില്‍ അറസ്റ്റിലായ ഡിഎംകെ എംഎല്‍എ ഉദയനിധി സ്റ്റാലിനെ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് തഞ്ചാവൂര്‍ പൊലീസ് ഉദയനിധിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. നേരത്തെ, ഉദയനിധിയെ ചോദ്യം ചെയ്തശേഷം വിട്ടയയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ഉദയനിധിയോടും കോടതി നിര്‍ദേശിച്ചു. റിമാന്‍ഡ് ആവശ്യമില്ലെന്നും, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് തഞ്ചാവൂർ പൊലീസ് ഉദയനിധിയെ ചെന്നൈയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗത്തിന്റെ പരാതിയിലായിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും ഐടി വകുപ്പുകളും‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കാവേരി നദീജല പ്രശ്നത്തെക്കുറിച്ചും സംസ്ഥാനത്തെ കർഷകരുടെ വിഷയങ്ങളെക്കുറിച്ചും സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം.

കാവേരി വിഷയത്തിൽ മുഖ്യമന്ത്രി വിജയ് മൗനം പാലിക്കുന്നുവെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെക്കെതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞപ്പോൾ പ്രവർത്തകർ കൂട്ടത്തോടെ 'തൃഷ, തൃഷ' എന്ന് വിളിച്ചു. പിന്നാലെ പ്രസംഗത്തിനിടെ നടത്തിയ ചില പരാമർശമാണ് കേസിന് ആധാരം. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306