14 July, 2026 12:18:04 PM
എഴുത്തുകാരി ശ്രീമിഥിലക്ക് കെ ജി സേതുനാഥ് സ്മാരക പുരസ്‌കാരം

തിരുവനന്തപുരം: കെ ജി സേതുനാഥ് സ്മാരക സാംസ്‌കാരിക വേദിയുടെ പുരസ്‌കാരം എഴുത്തുകാരി ശ്രീമിഥിലക്ക്. 10000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2026 ജൂലൈ 31 ന് വൈകിട്ട് 5 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന കെ ജി സേതുനാഥ് ജന്മദിനാഘോഷം സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. വിനു എബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബാബു കുഴിമറ്റം പുരസ്‌കാരം സമ്മാനിക്കും. എഴുത്തുകാരനും പ്രസാധകനുമായ എം രാജീവ് കുമാർ സേതുനാഥിനെ അനുസ്മരിക്കും.
മലയാളസാഹിത്യരംഗത്ത് സ്വന്തം കയ്യൊപ്പ് പതിപ്പിച്ച എഴുത്തുകാരിയാണ് ശ്രീമിഥില എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ശ്രീകുമാരി സന്തോഷ്. കോട്ടയം കുടമാളൂർ സ്വദേശിനിയാണ്. അച്ഛൻ രാമകൃഷ്ണൻ നായർ, അമ്മ ഭാനുമതിയമ്മ. കോട്ടയം എംഡി സെമിനാരി സ്കൂളിലും ബസേലിയസ് കോളേജിലുമായി വിദ്യാഭ്യാസം. മുന്നൂറിലധികം കഥകൾ, കവിതകൾ, ആസ്വാദനങ്ങൾ, ലേഖനങ്ങൾ എന്നിവ രചിച്ചിട്ടുള്ള ശ്രീ മിഥില ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും സജീവമായ സാഹിത്യസാന്നിധ്യമാണ്. ജീവിതത്തിന്‍റെ സൂക്ഷ്മഭാവങ്ങളെ ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന ശ്രീ മിഥിലയുടെ രചനകൾ വായനക്കാരുടെ പ്രിയപ്പെട്ടവയായി മാറിയിട്ടുണ്ട്.
നൃത്തത്തെയും സംഗീതത്തെയും സാഹിത്യത്തോടൊപ്പം ആത്മാവിൽ ചേർത്തുവെച്ച ശ്രീ മിഥിലയുടെ സൃഷ്ടികൾക്ക് നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മാധവിക്കുട്ടി സ്മാരക അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ശ്രീ മിഥില, വയലാർ കലാ സാഹിത്യ സമിതി സംഘടിപ്പിച്ച കഥ–കവിതാ മത്സരങ്ങളിൽ വിജയിയായും ആദരിക്കപ്പെട്ടിട്ടുണ്ട്.
കോട്ടയം കവിയരങ്ങ്, മലയാളി മനസ്സ് യു.എസ്.എ., ഒലി ബുക്സ്, ലിമ വേൾഡ് ലൈബ്രറി (ലണ്ടൻ മലയാളീസ്) തുടങ്ങി നിരവധി സാഹിത്യ–സാംസ്കാരിക സംഘടനകളുടെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ലിമ വേൾഡ് ലൈബ്രറിയുടെ പുരസ്‌കാരം നിയമസഭാ സ്പീക്കറായിരുന്ന ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങിയത് അവരുടെ സാഹിത്യയാത്രയിലെ അഭിമാനകരമായ നാഴികക്കല്ലായി മാറി.
കവിതകൾ ഗിന്നസ് റെക്കോർഡ് മലയാളം ബുക്കിൽ ഉൾപ്പെട്ടിട്ടുള്ളതോടൊപ്പം നിരവധി സംയുക്ത കവിതാസമാഹാരങ്ങളുടെയും ഭാഗമായിട്ടുണ്ട്. വായനാലോകം സസ്നേഹം സ്വീകരിച്ച 'ഹവേലി' എന്ന കഥാസമാഹാരത്തിന്‍റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. അതോടൊപ്പം, പുതിയൊരു കവിതാസമാഹാരവും പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. അക്ഷരങ്ങളെ ആത്മാവിന്റെ ജ്വാലയാക്കി മാറ്റിയ ശ്രീ മിഥിലയുടെ സാഹിത്യയാത്ര, മലയാളസാഹിത്യത്തിന് കൂടുതൽ മികവാര്‍ന്ന സൃഷ്ടികൾ സമ്മാനിച്ചുകൊണ്ട് ഇന്നും പ്രചോദനമായി മുന്നേറുകയാണ്.




