22 July, 2026 07:08:17 PM
10 വർഷത്തിനിടെ ചോർന്നത് 152 ചോദ്യപേപ്പർ, കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്?- രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ നേരിട്ട പൊലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാര്‍ത്താ സമ്മേളനത്തിന് മുന്നോടിയായാണ് രാഹുല്‍ വിദ്യാര്‍ത്ഥികളെ ലാത്തിച്ചാര്‍ജ് ചെയ്യുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും എന്താണ് വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വലിയ സമ്മര്‍ദത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കണം. എന്ത് തെറ്റാണ് വിദ്യാർഥികൾ ചെയ്തത്? ഒരു കുറ്റവും അവർ ചെയ്തില്ല. തങ്ങൾക്ക് ന്യായമായ വിദ്യാഭാസ്യം വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇത് വലിയ പ്രശ്നമാണ്. നമ്മുടെ വിദ്യാഭ്യാസ സംവിധാനം ഇന്ന് തകർന്നു. കുട്ടികൾ അവരുടെ അവകാശങ്ങളാണ് ചോദിച്ചത്. നല്ല വിദ്യാഭ്യാസ സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടത്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തകര്‍ന്നു. 152 ചോദ്യപേപ്പര്‍ ചോര്‍ച്ച കഴിഞ്ഞ 10 വര്‍ഷത്തില്‍ നടന്നു. 7.5 കോടി കുട്ടികളെ ഇത് ബാധിച്ചു. ഒരാളെയും ശിക്ഷിച്ചില്ല. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്നു. ഇതാണ് യുവാക്കള്‍ പ്രതിഷേധിക്കാന്‍ കാരണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മധ്യവര്‍ഗ, ദരിദ്രകുടുംബങ്ങളെയാണ് ഇത് ബാധിച്ചതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അവരുടെ കുട്ടികളാണ് ഇരകളെന്നും സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1.32 ലക്ഷം കോടിയാണ് ഒരു വര്‍ഷം നീറ്റ് തയ്യാറെടുപ്പിന് രാജ്യത്തെ കുട്ടികള്‍ ചെലവാക്കുന്നത്. 1.4 ലക്ഷം കോടിയാണ് രാജ്യത്തിന്റെ വിദ്യാഭ്യാസ ബജറ്റ്. ഇന്ത്യയിലെ യുവാക്കള്‍ക്ക് ഭാവി ഇല്ല. സര്‍ക്കാര്‍ ജോലി മാത്രമാണ് യുവാക്കള്‍ക്ക് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
'യുവാക്കള്‍ക്ക് ചില ആവശ്യങ്ങള്‍ ഉണ്ട്. പരാജയപ്പെട്ട മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം. രാജി 100 ശതമാനം ന്യായമായ ആവശ്യമാണ്. യുവാക്കളെ അക്രമിക്കാന്‍ ഉത്തരവ് ഇട്ടവര്‍ക്ക് എതിരെ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണം. യുവാക്കളുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നു. കുട്ടികളുടെ പ്രതിഷേധത്തോട് 100 ശതമാനം യോജിപ്പാണ്. ജോലി നല്‍കാന്‍ സാധ്യതയുള്ള മേഖലകളെല്ലാം തകര്‍ന്നു. ഇത് വിദ്യാര്‍ഥികളുടെ തെറ്റല്ല. വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയവര്‍ക്കും അതിക്രമം നടത്തിയവര്‍ക്കും എതിരെ നടപടി വേണം. തെരുവില്‍ പ്രതിഷേധിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണ നല്‍കുന്നു', രാഹുല്‍ ഗാന്ധി പറഞ്ഞു.


