29 July, 2026 08:09:35 PM


വിദ്യാര്‍ഥികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ- രാഹുല്‍ ഗാന്ധി



ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സമരത്തിനിടെ ആക്രമിക്കപ്പെട്ട ഓരോ വിദ്യാര്‍ത്ഥിക്കും നീതി ലഭ്യമാക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് പ്രതിപക്ഷം നല്‍കുന്ന ഉറപ്പാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷായെ പുറത്താക്കണമെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര സമിതി വിഷയം അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഒരു രാത്രി കൊണ്ട് സെല്‍ഫി വീഡിയോ ഇട്ടാല്‍ ജെന്‍ സി വിദ്യാര്‍ത്ഥികളോട് സംവദിക്കാമെന്നാണ് പ്രധാനമന്ത്രി കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'പ്രതിപക്ഷ നേതാവിന് ലോക്‌സഭയില്‍ സംസാരിക്കാന്‍ അവസരമില്ല. നിരവധി തവണ മൈക്ക് ഓണ്‍ ചെയ്യാന്‍ സ്പീക്കറോട് അപേക്ഷിച്ചു. കിരണ്‍ റിജിജുവിനും രാജ്‌നാഥ് സിംഗിനും സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നു. എനിക്ക് അനുമതിയില്ല. കാരണം ഞാന്‍ അമിത് ഷായെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ക്രൂരതയ്ക്ക് കാരണം അമിത് ഷാ ആണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ മാപ്പുപറഞ്ഞാല്‍ സംസാരിക്കാന്‍ അനുമതി നല്‍കാമെന്നവര്‍ പറഞ്ഞു. എന്നാല്‍ ഞാനൊരിക്കലും ബിജെപിയോടും ആര്‍എസ്എസിനോടും മാപ്പുപറയില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും': രാഹുല്‍ ഗാന്ധി പറഞ്ഞു.

വിദ്യാര്‍ത്ഥികളെ തെരുവില്‍ ക്രൂരമായാണ് കൈകാര്യം ചെയ്തതെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വരെ കുട്ടികളെ ആക്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. 'ആണി തറച്ച ലാത്തി ഉപയോഗിച്ചാണ് കുട്ടികളെ തല്ലിയത്. ഉദ്യോഗസ്ഥര്‍ യൂണിഫോമിലല്ലാതെ വന്നു. അമിത് ഷാ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിക്കുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്. തെരുവില്‍ നടന്നതിനെക്കുറിച്ച് കൃത്യമായി അമിത് ഷായ്ക്ക് അറിയാമായിരുന്നു. സേനയ്ക്ക് ഇത്തരം നടപടികള്‍ക്ക് ഉത്തരവ് നല്‍കുന്നത് ആഭ്യന്തര മന്ത്രിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചതിന് ഉത്തരവാദി അമിത് ഷായാണ്. പൊലീസ് അതിക്രമം അറിഞ്ഞിട്ടില്ല എന്നാണ് ഷാ പറയുന്നതെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടാണ്. സേനകളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത് അമിത് ഷായോടാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാക്കണം. സംഭവിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുളള മാന്യത എങ്കിലും കാണിക്കണം': രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302