30 July, 2026 12:59:17 PM
പുനര്‍ജനി കേസ്: വി ഡി സതീശന് ക്ലീന്‍ ചിറ്റ്; കേസ് അവസാനിപ്പിച്ചെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീന്‍ ചിറ്റ്. വി ഡി സതീശന് എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതായി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വി ഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയപ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് പരിശോധനയില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തില്‍ കേസില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചുകൊടുക്കാന്‍ വേണ്ടിയിട്ടുള്ള ധനസമാഹാരണം നടത്താനായി വിദേശയാത്ര നടത്തിയെന്നും വിദേശയാത്രയില്‍ ധനസമാഹാരണം നടത്തിയെന്നതിലുമാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. കേസില്‍ വി ഡി സതീശന് ഒരു പങ്കും ഉണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ല. ഒരു രൂപയുടെ ഇടപാടിൽ പോലും വി ഡി സതീശന് പങ്കില്ല എന്ന് വ്യക്തമായെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് 'പുനര്‍ജനി, പറവൂരിന് പുതുജീവന്‍'. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.


