05 August, 2026 03:02:15 PM
നിക്ഷേപകരെ കാണാൻ പോയതെന്ന് അന്ന്, കൊച്ചിയിൽ എത്തിയപ്പോൾ കണ്ടെന്ന് ഇന്ന്; മലക്കം മറിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ യാത്രയില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍. നിക്ഷേപകരെ കാണാന്‍ പോയെന്നായിരുന്നു തിങ്കളാഴ്ച മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കൊച്ചിയില്‍ പോയത് കൊണ്ടാണ് അവരെ കണ്ടതെന്നാണ് മുഖ്യമന്ത്രി ഇന്ന് നല്‍കിയ മറുപടി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ചിട്ടും മുഖ്യമന്ത്രി കൃത്യമായ ഉത്തരം നല്‍കിയില്ല.
'രഹസ്യമായും അല്ലാതെയും പലരേയും കാണേണ്ടി വരും. ചിലപ്പോള്‍ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാന്‍ അന്ന് വൈകുന്നേരും എറണാകുളത്ത് ഉള്ളത് കൊണ്ട് കാണാമെന്ന് പറഞ്ഞതാണ്. ഇതെല്ലാം കഴിഞ്ഞ പ്രാവശ്യം പറഞ്ഞ് അവസാനിപ്പിച്ചതാണ്. നിങ്ങള്‍ക്ക് നമ്മുടെ സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവതരമായ കാര്യങ്ങളുള്ളപ്പോള്‍ ഇതുപോലത്തെ കാര്യങ്ങള്‍ വിവാദമാക്കാനാണ് താല്‍പര്യം', എന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്.
'ഒരു നിക്ഷേപക ഗ്രൂപ്പ് കൊച്ചിയില്‍ ഉണ്ടായിരുന്നു. രാത്രി ഡിന്നര്‍ മീറ്റിങ്ങിന് കാണാമെന്നാണ് അവര്‍ പറഞ്ഞത്. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം കൊച്ചിയില്‍ വന്നു. ഞാന്‍ പോകാന്‍ വന്ദേഭാരതിന് ബുക്ക് ചെയ്തു. അവര്‍ക്ക് അത്യാവശ്യമായി സന്ധ്യക്ക് ഡല്‍ഹിയില്‍ പോകണം എന്ന് പറഞ്ഞു. അതിന് മുമ്പ് അവരെ കാണണം. അതുകൊണ്ടാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്', എന്നാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പറഞ്ഞത്.
ഹെലികോപ്റ്റര്‍ യാത്രയില്‍ വിവാദം നിലനില്‍ക്കെയാണ് വീണ്ടും വൈരുദ്ധ്യമായ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. മുഖ്യമന്ത്രി ഏത് നിക്ഷേപകരെയാണ് കണ്ടതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഭാര്യാപിതാവിനെ കാണാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ആവശ്യത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നാലെയായിരുന്നു നിക്ഷേപകരെ കാണാനാണ് താന്‍ വന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്.


